തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം ,വാഹനങ്ങൾ അടിച്ചു തകർത്തു …..

തിരുവനന്തപുരത്ത് വർക്ക് ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഗുണ്ടകൾ അടിച്ചു തകർത്തു. ചാക്കയിൽ സാബുവെന്നയാളിൻെറ വർക്ക് ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആറു വാഹനങ്ങളാണ് അക്രമികൾ അടിച്ചുപൊട്ടിച്ചത്.കഴിഞ്ഞ ദിവസം ഉണ്ടായ അടിയുടെ തുടർച്ചയായിട്ടാണ് ആക്രമണമെന്നാണ് പോലീസ് അറിയിച്ചത്.
കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഇവിടെ സംഘർഷം നടന്നിരുന്നു.തുടർന്ന് നിരവധി കേസുകളിൽ പ്രതിയായ മുരുകനെയും സംഘത്തെയും ഒരുകൂട്ടമാളുകൾ മർദ്ദിച്ചിരുന്നു.സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് ആറുപേരെ റിമാൻഡ് ചെയ്തു. മുരുകൻ ഇപ്പോഴും ചികിത്സയിലാണ്. പ്രതികളുടെ സുഹൃത്താണ് ചാക്കയിൽ വർക്കഷോപ്പ് നടത്തുന്ന സാബു. ഇന്ന് പുലർച്ചയാണ് വർക്കഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ല് തകർത്തതായി കണ്ടത്. വർക്ക് ഷോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ക്രയിനിൻെറ ചില്ലും തകർത്തിട്ടുണ്ട്. ആദ്യമുണ്ടായ സംഘത്തിന്റെ തുടർച്ചയാണിതെന്ന സംശയിക്കുന്നതായി പൊലീസ് പറയുന്നു.