കീഴടക്കിയ സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യയിലെത്തിക്കും…
ഇന്ത്യൻ നാവിക സേന കീഴടക്കിയ സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യയിൽ എത്തിക്കും. ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത 9 സൊമാലിയൻ കടൽക്കൊള്ളക്കാരെയാണ് നാവിക സേന കീഴ്പ്പെടുത്തിയത്. ബോട്ടിൽ ഉണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളെയും സേന രക്ഷപെടുത്തി . വെള്ളിയാഴ്ചയാണ് അറബിക്കടലിൽ നിന്ന് ഇറാനിയൻ കപ്പൽ കടൽ കൊള്ളക്കാർ തട്ടികൊണ്ട് പോയത് .
യെമനിലെ സൊകോത്രയിൽ നിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വെച്ച് ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഐ കമ്പാർ 786 ഹൈജാക്ക് ചെയ്യപ്പെട്ടത്. ഈ വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ നാവികസേന രക്ഷാദൗത്യം നടത്തിയത്.തുടർന്ന് 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ഇറാനിയൻ ബോട്ടും അതിലുണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളെയും ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. കൊള്ളക്കാരിൽ നിന്നും തങ്ങളുടെ ജീവൻ രക്ഷിച്ച ഇന്ത്യയോട് നന്ദിയുണ്ടെന്നാണ് മത്സ്യതൊഴിലാളികൾ പ്രതികരിച്ചത്. കൊള്ളക്കാർ പിടിച്ചെടുത്ത ബോട്ടിൽ സുരക്ഷ പരിശോധന നടത്തിയ നാവികസേന മത്സ്യതൊഴിലാളികളുടെ വൈദ്യ പരിശോധനയും നടത്തി. തുടർന്ന് ഇവരെ വിട്ടയച്ചു. നാവിക സേന കീഴ്പ്പെടുത്തിയ 9 സൊമാലിയൻ കടൽകൊള്ളക്കാരെയും ഇന്ത്യയിൽ എത്തിച്ച് നിയമനടപടികൾ സ്വീകരിക്കും.