വീട് പണിക്ക് പണം കണ്ടെത്താന്‍ ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു…
വീട് പണിക്ക് പണം കണ്ടെത്താന്‍ 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു പ്രതി ഇബാദ് എന്ന ഒൻപത് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ സൽമാൻ മൌലവി എന്ന തയ്യൽ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. പുതിയ വീട് നിര്‍മ്മാണത്തിനായി പണം ആവശ്യമായി വന്നതോടെ ഇബാദിനെ തട്ടിക്കൊണ്ടുപോയി ബന്ധുക്കളില്‍ നിന്ന് 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടാന്‍ സല്‍മാന്‍ പദ്ധതിയിട്ടു. ഏറെ വൈകിയിട്ടും ഇബാദ് പള്ളിയില്‍ നിന്ന് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സമീപ പ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തി.
വൈകാതെ ഇബാദിന്റെ പിതാവ് മുദ്ദാസിറിന് ഒരു ഫോണ്‍ സന്ദേശമെത്തി. മകനെ തിരിച്ച് നല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഈ കോള്‍. മറ്റ് വിശദാംശങ്ങള്‍ നല്‍കാതെ ഈ ഫോണ്‍കോള്‍ പെട്ടന്ന് അവസാനിച്ചു. കുട്ടി എവിടെയാണെന്നോ പണം എവിടെ എത്തിക്കണമെന്നോ വിളിച്ചയാള്‍ പറഞ്ഞില്ല.പിന്നീട് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളുടെ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. സൽമാൻ മൌലവി എന്ന തയ്യൽക്കാരന്‍റെ വീടായിരുന്നു അത്. വീട് വളഞ്ഞ് പൊലീസ് തെരച്ചിൽ നടത്തി. പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ചാക്കിൽ വീടിന്‍റെ പുറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സൽമാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.