ഭരണഘടന തിരുത്തിയെഴുതാന്‍ വോട്ടഭ്യര്‍ത്ഥിച്ചു വെട്ടിലായി ബിജെപി എംപി….
ഭരണഘടന തിരുത്തിയെഴുതാന്‍ വോട്ടഭ്യര്‍ത്ഥിച്ച് വെട്ടിലായി ബിജെപി എംപി ആനന്ദ് കുമാർ ഹെഗ്ഡെ . വിവാദ പരാമർശത്തിന് പിന്നാലെ ആനന്ദ് കുമാറിന് കർണാടകയിൽ സീറ്റില്ല എന്നും ബിജെപി അറിയിച്ചു . ഭരണഘടനയെ തിരുത്താൻ ആഹ്വാനം ചെയ്ത് പ്രസംഗിച്ച ആനന്ദ് കുമാർ ഹെഗ്ഡെയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം . ഹെഗ്ഡെ ഭരണഘടന തിരുത്തിയെഴുതാന്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നും ഇതിനായി വോട്ട് ചെയ്യണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഈ പരാമർശം വിവാദമായതോടെ ഇതിനെ തള്ളി വൈകാതെ ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഉത്തര കന്നട ലോക്സഭാ സീറ്റിൽ നിന്ന് ആറ് തവണ ജയിച്ച നേതാവാണ് ആനന്ദ് കുമാർ ഹെഗ്ഡെ. നിരന്തരമായി വിവാദ പരാമർശങ്ങൾ നടത്തി ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഹെഗ്ഡെയ്ക്ക് പകരം മണ്ഡലത്തിൽ വിശ്വേശ്വർ ഹെഗ്ഡെ കഗേരി മത്സരിക്കും.ഭരണഘടന തിരുത്താന്‍ പാര്‍ട്ടി 20 ലേറെ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരണഘടനയില്‍ അനാവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും വളച്ചൊടിക്കലുകളും നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദു സമൂഹത്തെ അടിച്ചമര്‍ത്തുക ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ കൊണ്ടുവന്നു. ഇതെല്ലാം മാറ്റുന്നത് നിലവിലെ ഭൂരിപക്ഷത്തില്‍ സാധ്യമല്ല. ലോക്സഭയില്‍ കോണ്‍ഗ്രസ് ഇല്ലാതിരിക്കുകയോ മോദിക്ക് ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുകയോ ചെയ്തതുകൊണ്ട് മാത്രം ഇത് സാധ്യമാകുമെന്ന് കരുതിയെങ്കില്‍ തെറ്റി. ആകെ സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ടിലും ബിജെപിക്ക് അധികാരം ലഭിക്കണം എന്നും ഹെഗ്ഡെ വോട്ടഭ്യർത്ഥിച്ചുകൊണ്ട് പറഞ്ഞിരുന്നു .
ഇതേസമയം തന്നെ ഹെഗ്ഡെയുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഭരണഘടനയെ തിരുത്തി എഴുതുക, നശിപ്പിക്കുക എന്നതാണ് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും രഹസ്യ അജണ്ടയെന്നാണ് കോൺഗ്രസ് തിരിച്ചടിച്ചത് .