അൽ അഖ്സയിൽ നമസ്കാരത്തിന് വന്നവരെ ആക്രമിച്ച് ഇസ്രായേൽ പൊലീസും കുടിയേറ്റക്കാരും..
ജറുസലേം: മസ്ജിദുൽ അഖ്സയിൽ വീണ്ടും വിശ്വാസികൾക്ക് നേരെ ഇസ്രായേൽ പൊലീസിന്റെയും കുടിയേറ്റക്കരുടെയും ആക്രമണം. കഴിഞ്ഞദിവസം രാത്രി തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്ത് മങ്ങിയവരെയാണ് ആക്രമിച്ചത്.ജറുസലേമിലെ ബാബ് അൽ ഖലീൽ പ്രദേശത്ത് പൊലീസും നിരവധി കുടിയേറ്റക്കാരും മുസ്ലിം വിശ്വാസികളെ മർദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ ഹെബ്രോൺ ഗേറ്റിന് സമീപം ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.55 വയസ്സിന് താഴെയുള്ള ഫലസ്തീൻ പുരുഷൻമാരെയും 50 വയസ്സിന് താഴെയുള്ള സ്ത്രീകളെയും പ്രാർഥന നടത്തുന്നതിന് ജറുസലേമിൽ പ്രവേശിക്കുന്നത് ഇസ്രായേൽ അധികൃതർ തടഞ്ഞിട്ടുണ്ട്. കൂടാതെ നമസ്കാരത്തിന് വരുന്നവർ ഇസ്രായേൽ അധിനിവേശ സൈന്യത്തിൽനിന്ന് സുരക്ഷാ പെർമിറ്റ് വാങ്ങേണ്ടതുമുണ്ട്. ജറുസലേമിലെ പഴയ നഗരത്തിലും അൽ അഖ്സ മസ്ജിദിലും ആറ് മാസമായി കടുത്ത ഉപരോധമാണ്. റമദാനിലെ രണ്ടാം വെള്ളിയാഴ്ച അൽ അഖ്സ മസ്ജിദിൽ വെസ്റ്റ്ബാങ്ക് നിവാസികൾ എത്തുന്നത് തടയാൻ ഇസ്രായേൽ പൊലീസ് ജറുസലേമിലും നഗരത്തിലേക്കുള്ള ചെക്ക്പോസ്റ്റുകളിലും 3000 അംഗങ്ങളെ വിന്യസിച്ചിരുന്നു. റമദാനിൽ ഗസ്സയിൽ ഉടനടി വെടിനിർത്തലിന് യു.എൻ സുരക്ഷാ കൗൺസിൽ വോട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് വിശ്വാസികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.