കാസർകോട്: പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയില്ലെങ്കിൽ ഇരയേയും കുടുംബത്തേയും കൊല്ലുമെന്ന് സഹോദരൻ്റെ ഭീഷണി. പോക്സോ കേസിലെ പ്രതി കിരൺ രാജിന്റെ സഹോദരൻ വരുൺ രാജിനെ അറസ്റ്റ് ചെയ്തു. കാസർകോട് കുമ്പള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2018ൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ വിചാരണ നടക്കവെയാണ് ഭീഷണി.
ഇന്നലെ കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നതിനിടെയാണ് ഇരയുടെ വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പോലീസ് അരുൺ രാജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
രാത്രിയോടെ വരുൺ രാജിന്റെ വീട് പൊലീസ് വളഞ്ഞെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ മംഗലാപുരം വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കുമ്പളയിൽ വച്ച് വരുൺ രാജിനെ പൊലീസ് പിടികൂടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ വരുണിനെതിരെ കാപ്പ പ്രകാരമുള്ള വകുപ്പുകളും ചേർക്കാനാണ് നീക്കം. പ്രതി കിരൺ രാജ് കാപ്പാക്കേസിൽ നിലവിൽ ജയിലാണ്.