ശോഭ സുരേന്ദ്രൻ്റെ തലവെട്ടിമാറ്റി പകരം, ആരിഫ്… പോസ്റ്റർ വിവാദമാകുന്നു….
ആലപ്പുഴ: ആലപ്പുഴയിലെ ത്രികോണപ്പോരിന് എരിവ് പകര്‍ന്ന് പോസ്റ്റര്‍ വിവാദവും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകളിലെ തലവെട്ടിമാറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിന്റെ ചിത്രം വെച്ചതാണ് വിവാദമായത്. നേര്‍ക്കുനേരെ പോരാടാന്‍ തന്‍റേടം ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. പോസ്റ്റര്‍ മാറ്റിയതില്‍ നടപടി എടുത്തില്ലെങ്കില്‍ കളക്ട്രേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നും ശോഭ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.
ഹരിപ്പാട് പട്ടണത്തിലെ ആര്‍ കെ ജങ്ഷനില്‍ ഒട്ടിച്ചിരുന്ന ശോഭ സുരേന്ദ്രന്റെ പോസ്റ്ററുകളിലാണ് തലമാറ്റം നടന്നത്. ബസ് സ്റ്റാന്‍ഡിന് പരിസരത്ത് വെച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും കീറിനശിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നാണ് ബിജെപിയുടെ ആരോപണം. ഇടത് സ്ഥാനാര്‍ത്ഥി എ എം ആരിഫിനെരൂക്ഷമായി വിമര്‍ശിച്ച് ശോഭ സുരേന്ദ്രന്‍ രംഗത്ത് വന്നു. നേര്‍ക്ക് നേരെ പോരാടാനുളള നട്ടെല്ല് തനിക്കുണ്ടെന്നും ഇത് ഒമ്പതാമത്തെ തിരഞ്ഞെടുപ്പ് ആണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പോസ്റ്ററുകളിലെ തലമാറ്റിയതിനും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിനുമെതിരെ പൊലീസിനും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയെങ്കിലും നടപടിയില്ല എന്നും ആക്ഷേപമുണ്ട്. നടപടി എടുത്തില്ലെങ്കില്‍ കളക്ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന സത്യാഗ്രഹം നടത്തുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി പൊലീസില്‍ നിന്ന് നീതിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.