ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം റിപ്പോര്‍ട്ട് പുറത്ത്………………
ചരക്ക് കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്ത്.രാസവസ്തുക്കളും വളരെ വേഗത്തില്‍ തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കളും കപ്പലില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകര്‍ന്നത്. 948 അടി നീളമുള്ള കപ്പല്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണ് കപ്പല്‍ നീങ്ങിയിരുന്നത്.
മലയാളിക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പാണ് ‘ദാലി’യുടെ നടത്തിപ്പുകാര്‍. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാര്‍ ആയിരുന്നു.2023-ല്‍ ചിലിയില്‍ നടത്തിയ പരിശോധനയില്‍ കപ്പലിന്റെ ചില യന്ത്രങ്ങള്‍ക്കും കപ്പലിന്റെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന പരിശോധനകളില്‍ പ്രശ്‌നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആന്‍ഡ് പോര്‍ട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്‍. നടത്തിപ്പുകമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.അപകട സാധ്യതയുള്ള സാമഗ്രികളടങ്ങിയ 56 കണ്ടെയ്‌നറുകളാണ് കപ്പലില്‍ കണ്ടെത്തിയത്.