പത്തനംതിട്ട വാഹനാപകടം – അനൂജയുടെയും ഹാഷിമിന്റെയും വാട്സാപ്പ് ചാറ്റുകൾ….
പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റി രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പൊലീസ് വീണ്ടെടുക്കും. ഫോൺ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നതോടെ കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചിരുന്നു .പോസ്റ്റ്മാർട്ടത്തിന് ശേഷം ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും .
വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ലോക്കുണ്ടായിരുന്നതിനാല് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ഫോറൻസിക് ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് ഫോണുകൾ അയക്കും. വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് ശ്രമം. എന്തിനാവും മനഃപൂർവം മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റിയെന്നതാണ് പൊലീസിന് മുന്നിൽ ഉയരുന്ന ചോദ്യം.ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസമാണ് പൊലീസിനുള്ളത്.