കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് കൊല്ലപ്പെട്ടു. മൃതദേഹത്തിന് ചുറ്റും മഞ്ഞൾപൊടി വിതറിയ നിലയിൽ…
എറണാകുളം : കോതമംഗലത്ത് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കള്ളാട് സ്വദേശി ഏലിയാസിൻ്റ ഭാര്യ സാറാമ്മ (72) യാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് ഒന്നരക്കും മൂന്നരക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത് . ഈ സമയത്ത് സാറാമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ . ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ ആദ്യം കണ്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നാണ് പോലീസ് നിഗമനം.ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ച് നിലത്തുവീണ നിലയിലായിരുന്നു സാറാമ്മയുടെ മൃതദേഹം. തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് ചുറ്റും മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും.