സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം പോലും ഇല്ലയെന്നിരിക്കെ രാഹുൽ ഗാന്ധി വയനാട്ടിൽ നേരിട്ട് പ്രചാരണത്തിന് എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.ഏപ്രിൽ മൂന്നിന് ഇവിടേക്ക് എത്തുന്ന രാഹുൽ അന്ന് തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ആവേശത്തിനിടയിലും വലിയ രീതിയിൽ പാർട്ടിക്ക് തിരിച്ചടിയാവുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്.വയനാട്ടിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്ന് നിമിഷ നേരങ്ങൾ കൊണ്ട് മണ്ഡലത്തിലെ മുക്കിലും മൂലയിലും വരെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി വിപരീതമാണ്.കാര്യമായ ബോർഡുകളോ ബാനറുകളോ എവിടെയും കാണാനില്ല എന്നതാണ് സാഹചര്യം.
രാഹുൽ ഗാന്ധി വരുമ്പോൾ റോഡ് ഷോ നടത്തുമെന്നും ഇപ്പോഴത്തെ മങ്ങലിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് കാണിക്കുന്നത്. ഇനി ജനങ്ങളിൽ നിന്നുള്ള പിരിവ് മാത്രമാകും കോൺഗ്രസിന് മുൻപിലുള്ള ഏക പോംവഴി. അതിനും പരിമിതികളുണ്ട്. എന്നാൽ നിലവിൽ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനോ, കേന്ദ്ര നേതൃത്വത്തിൽ നിന്ന് യഥേഷ്ടം ഫണ്ട് ലഭിക്കുന്ന ബിജെപിക്കോ സാമ്പത്തിക പ്രതിസന്ധികൾ ഇല്ല. രാഹുലിനെ പോലെയൊരു ദേശീയ നേതാവ് മത്സരിക്കുന്ന മണ്ഡലമായിട്ട് കൂടി അതിന്റെ പകിട്ടിനൊത്ത ഒരുക്കങ്ങൾ വയനാട്ടിൽ നടത്താൻ കഴിയാത്തത് ആശങ്കയോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. എങ്കിലും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉൾപ്പെടെ നിസ്സഹായരാണ്.