മുംബൈ: ചൊവ്വാഴ്ച നടന്ന എയർ ഇന്ത്യയുടെ റിക്രൂട്ട്മെന്റിന് മുംബൈ വിമാനത്താവളത്തിൽ എത്തിയത് പതിനായിരങ്ങൾ. 25,000-ത്തിലേറെ പേരാണ് 2,216 ഒഴിവുകളിലേക്കുള്ള നിയമനത്തിനെത്തിയത്. വൻ തിക്കും തിരക്കുമായിരുന്നു വിമാനത്താവളത്തിൽ അനുഭവപ്പെട്ടത്. എയർ ഇന്ത്യ ഉദ്യോഗസ്ഥർക്ക് നിയന്ത്രണ വിധേയമായ തിരക്ക് കൈകാര്യം ചെയ്യാൻ എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കായില്ല.
ഗ്രൗണ്ട് സ്റ്റാഫ് വിഭാഗത്തിലേക്കാണ് റിക്രൂട്ട്മെന്റ് നടന്നത്. 20,000 മുതൽ 25,000 രൂപ വരെയാണ് ശമ്പള പാക്കേജ്. അപേക്ഷാ കൗണ്ടറിനരികിലെത്താൻ വേണ്ടി യുവാക്കൾ തിക്കിത്തിരക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ കഴിക്കാതെയാണ് പലരും ജോലിക്ക് അപേക്ഷിക്കാനെത്തിയത്. ഇതുമൂലം പലർക്കും ദേഹാസ്വസ്ഥത അനുഭവപ്പെട്ടതായും റിപ്പോർറ്റുകൾ പുറത്തു വരുന്നു.