മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ഇനി റയൽ മാഡ്രിഡിന് സ്വന്തം. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നിലാണ് എംബാപ്പെയെ ക്ലബ്ബ് അവതരിപ്പിച്ചത്. റയലിന്റെ ഒന്‍പതാം നമ്പര്‍ ജഴ്‌സിയിൽ ഇനി എംബാപ്പയെ കാണാം.
ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജര്‍മ്മനില്‍ നിന്ന് ഫ്രീ ഏജന്റായാണ് താരം സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് എംബാപ്പെയുടെ ക്ലബ്ബിലേക്കുള്ള പ്രവേശനം. സാന്റിയാഗോ ബെര്‍ണബ്യൂവിലെ 80,000ത്തിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ വെച്ചാണ് പെരസും എംബാപ്പെയും കരാറില്‍ ഒപ്പുവെച്ചത്. 2029 വരെയാണ് നിലവിൽ റയലിന്റെ എംബാപ്പെയുമായുള്ള കരാര്‍.
പിഎസ്ജി വിടുന്ന എംബാപ്പെ റയലിലേക്ക് തന്നെ എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളിണ്ടായിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി റയല്‍ മാഡ്രിഡും സൂപ്പര്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനത്തിലാണ് എംബാപ്പെ പിഎസ്ജിയില്‍ നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്.