സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സി.കെ. പത്മനാഭൻ; മുസ്ലീങ്ങൾ നാടിന്റെ മജ്ജയും മാംസവും ..
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും സുരേഷ് ഗോപി എം.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ. സുരേഷ് ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ലെന്നും സിനിമയാണ് സുരേഷ് ഗോപിയുടെ പശ്ചാത്തലമെന്നും പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ദിര ഗാന്ധി ഭാരതത്തിന്റെ മാതാവാണെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കും പദ്മനാഭൻ പ്രതികരിച്ചു. എങ്ങനെയാണ് അതിനെ സ്വീകരിക്കാൻ കഴിയുക എന്നദ്ദേഹം ചോദിച്ചു. എന്നാൽ, അദ്ദേഹത്തെ കുറ്റപ്പെടുത്താനില്ല. സുരേഷ് ഗോപിയുടെ ചരിത്രബോധം അങ്ങനെ പറയാനെ അനുവധിക്കൂ. സുരേഷ് ഗോപി എന്താണ് പറഞ്ഞു കൊണ്ട് നടക്കുന്നതെന്ന് നിരവധി പേർ തനിക്ക് മെസേജുകൾ അയക്കാറുണ്ടെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.
കോൺഗ്രസ് മുക്തഭാരതമെന്ന് പറയാൻ സാധിക്കും. അല്ലാതെ, പ്രായോഗികമായി നടപ്പാക്കാൻ ബുദ്ധിമുട്ടാണ്.
ചരിത്ര പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. ആ സംസ്കാരം ഒരു മറ്റൊരു പാർട്ടിയിലേക്ക് വന്നാൽ കോൺഗ്രസ് മുക്തഭാരതം ഒരിക്കലും ഉണ്ടാക്കാൻ സാധിക്കില്ല. ഒരു പാർട്ടിയിൽ നിന്ന് മുക്തമായ ഭാരതം പാടില്ലായെന്ന് ആർ.എസ്.എസ് സർസംഘചാലക് തന്നെ അഭിപ്രായപെട്ടിട്ടുണ്ട്.
ബി.ജെ.പിയിലേക്ക് ആളുകൾ വരുന്നത് പാർട്ടിയുടെ അടിസ്ഥാന ആദർശം കൊണ്ടല്ല. നരേന്ദ്ര മോദി അധികാരത്തിൽ ഇരിക്കുന്നതിനാൽ അധികാര മോഹം കൊണ്ട് കൂടിയാണ്. അത്തരത്തിൽ വരുന്നവർക്ക് ബി.ജെ.പിയുടെ അടിസ്ഥാന ആദർശങ്ങൾ പഠിപ്പിച്ച ശേഷമാണ് പദവികൾ നൽകേണ്ടത്. അല്ലാതെവന്നാൽ തെറ്റായ സന്ദേശം നൽകും.
പാർട്ടിയെ വളർത്താനായി പ്രവർത്തിച്ച ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. എപ്പോഴും വെള്ളംകോരികളും വെറുകുവെട്ടികളും ആയി നിൽകേണ്ടി വരുമെന്ന തോന്നൽ അവർക്ക് ഉണ്ടായാൽ. അത് പാർട്ടിയുടെ അടിത്തറയെ ബാധിക്കും. ഏതെങ്കിലും ഘട്ടത്തിൽ ബി.ജെ.പി ക്ഷീണിച്ചാൽ താൽകാലിക ലാഭത്തിന് വരുന്നവർ എപ്പോ വേണമെങ്കിലും മറിയാം. പ്രതിപക്ഷം ശക്തിപ്പെട്ട് വരുമ്പോൾ അതിന്റെ മാറ്റം പാർട്ടിയിലെ ചിലർക്കുണ്ട്. ഇത്തരക്കാരെ എഴുന്നള്ളിച്ച് നടക്കുന്നത്, പാർട്ടിക്ക് വേണ്ടി പണിയെടുത്ത്, രക്തം നൽകിയ സാധാരണ പ്രവർത്തകർക്ക് പ്രഹരം നൽകുന്നതാണെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.
ബി.ജെ.പിയുടെ അടിത്തറ ഹിന്ദു വിശ്വാസികളാണ്. അടിത്തറ കൊണ്ട് മാത്രം കാര്യമില്ല. കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങൾ പ്രബലമാണ്. മുസ്ലിംങ്ങളും ക്രിസ്ത്യാനികളും രണ്ടു പ്രബല സമുദായങ്ങളാണ്. മുസ്ലിം സമുദായം കേരളത്തിന്റെ മജ്ജയും മാംസവുമായ ഒരു വിഭാഗമാണ്. എത്രയോ നൂറ്റാണ്ടുകളായി അവർ നമ്മുടെ കൂടെയാണ്. ഒരു സമുദായത്തിൽ കുറച്ച് തീവ്രവാദികൾ നിലകൊള്ളുന്നതിനാൽ എങ്ങനെയാണ് ആ സമുദായം മൊത്തത്തിൽ തീവ്രവാദികളാകുക. ഹിന്ദുക്കളിലും ക്രിസ്ത്യാനികളും കുറച്ച് മോശക്കാരില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ സി.പി.എമ്മിന്റെ സംഘടനാപരമായ പ്രവർത്തനം ശക്തമാണ് അതിനാൽ പശ്ചിമ ബംഗാളിലെയോ ത്രിപുരയിലെയോ അവസ്ഥ കേരളത്തിലെ സി.പി.എമ്മിന് ഉണ്ടാവില്ല. ധാർഷ്ട്യം കുറച്ചില്ലെങ്കിൽ സി.പി.എം അണികളടക്കമുള്ള ജനങ്ങൾ വെറുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണം കടത്തിയെന്ന് പറയുന്നതിൽ വലിയ അർഥമില്ല. മറ്റ് പല അഴിമതികളിൽ മുഖ്യമന്ത്രി പങ്കാളിയാണെന്നും സി.കെ. പത്മനാഭൻ വെളുപ്പെടുത്തി.