മഞ്ഞുമ്മൽ ബോയ്‌സ് ടീമിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സൂപ്പര്‍താരം രജനികാന്ത്. ചെന്നൈയിലെ രജനികാന്തിന്‍റെ വസതിയിലാണ് കഴിഞ്ഞ ദിവസം കൂടികാഴ്ച നടന്നത്. മലയാള സിനിമ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് അടുത്തിടെയാണ് രജനികാന്ത് കണ്ടത്. തുടര്‍ന്നാണ് അഭിനന്ദനം അറിയിക്കാൻ രജനികാന്ത് മഞ്ഞുമ്മല്‍ ടീമിനെ വീട്ടിലേക്ക് ക്ഷണിച്ചത്. സംവിധായകനും ടീമിനുമൊപ്പമുള്ള സൂപ്പർതാരത്തിന്‍റെ നിരവധി ചിത്രങ്ങൾ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൾ, അരുൺ കുര്യൻ എന്നിവരാണ് തലൈവരുടെ ആതിഥേയത്വം സ്വീകരിച്ച് അദ്ദേഹത്തിന്‍റെ ചെന്നൈയിലെ വസതിയില്‍ എത്തിയത്. ചിത്രത്തിന്‍റെ ഔദ്യോഗിക ഹാൻഡിൽ കൂടിക്കാഴ്ചയുടെ ഒരു ഗ്രൂപ്പ് ചിത്രം പങ്കിട്ടിട്ടുണ്ട്, “നന്ദി സൂപ്പര്‍സ്റ്റാര്‍” എന്നാണ് ചിത്രത്തിന്‍റെ ക്യാപ്ഷന്‍. അതേ സമയം തമിഴ് നാട്ടിലെ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിലെ ടോപ്പ് കളക്ഷന്‍ പടങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്‌സാണ്. സൗഹൃദത്തിന്റെ അതിജീവന കഥപറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ആണ് ആ സിനിമ. 60.45 കോടിയാണ് ഇതുവരം സിനിമ തമിഴ്നാട്ടിൽ നേടിയത്. നിലവിൽ തിയറ്റർ റൺ തുടരുകയാണ് ചിത്രം. രണ്ടാമത് ശിവകാർത്തികേയൻ സിനിമ അയലാൻ ആണ്. 60 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. 2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. ജാൻ എ മൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധായകർക്കിടയിൽ ശ്രദ്ധേയനായ ചിദംബരം ഒരുക്കുന്ന സിനിമ എന്ന നിലയിൽ പ്രഖ്യാപനം മുതൽ ആ സിനിമ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ റിലീസിന് പിന്നാലെ മുൻവിധികളെ എല്ലാം കാറ്റിൽ പറത്തി ചിത്രം കുതിച്ചുയർന്നു. മലയാള സിനിമയിലെ ആദ്യ 200കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും അത് സ്വന്തമാക്കി. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ സർവൈവൽ ത്രില്ലർ.