അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ, കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രതിപക്ഷ ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് നടക്കും . ഡൽഹി രാം ലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധ മഹാറാലിയിൽ ഇന്‍ഡ്യ സഖ്യത്തിലെ പ്രധാന നേതാക്കൾ പങ്കെടുക്കും.കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, ശരത് പവാർ, തേജസ്വി യാദവ്, തിരിച്ചി ശിവ, ഡെറിക് ഒബ്രയാൻ തുടങ്ങി സഖ്യത്തിലെ പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും.കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെത്താത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിലില്ല. അതുകൊണ്ട് തന്നെ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ ഇന്ത്യ സഖ്യത്തിൻ്റെ ശക്തമായ പ്രതിഷേധത്തിനാകും ഡൽഹി രാം ലീല മൈതാനം ഇന്ന് സാക്ഷ്യം വഹിക്കുക.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ നടക്കുന്ന മഹാറാലി പ്രതിപക്ഷ സഖ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാകും. കെജ്രിവാളിന്റെ അറസ്റ്റ് മാത്രമല്ല, ജനാധിപത്യം സംരക്ഷിക്കപ്പെടാൻ വേണ്ടിയാണ് പ്രതിഷേധമെന്ന് പ്രതിപക്ഷസഖ്യം വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. ബിജെപി ആസ്ഥാനത്ത് അടക്കം നിരോധനാജ്ഞ തുടരും.