രൺബീർ കപൂർ നായകനാകുന്ന രാമായണ സിനിമയുടെ ബജറ്റ് കേട്ട് പിന്മാറി നിർമ്മാതാവ് .നിതേഷ് തിവാരി സംവിധാനം ചെയ്യാനിരിക്കുന്ന രാമായണ കുറച്ചുകാലമായി ബോളിവുഡിലെ സംസാരവിഷയമാണ്. ഏറ്റവും പുതിയ സംഭവവികാസത്തിൽ ചിത്രത്തിന്റെ നിർമ്മാതാവ് മധു മണ്ടേന ഈ പ്രൊജക്ടില്‍ നിന്നും പിന്മാറിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും അഭിനയിക്കുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. മധു മണ്ടേനയെ പിന്മാറിയതിന് പിന്നാലെ ഡിഎന്‍ഇജി വെർച്വൽ പ്രൊഡക്ഷൻ സിനിമയുടെ നിർമ്മാതാക്കളായി എത്തിയെന്നാണ് വിവരം. ഇത്രയും വലിയൊരു പ്രോജക്റ്റ് ഏറ്റെടുക്കാൻ മണ്ടേന ഇപ്പോൾ സാമ്പത്തികമായി തയ്യാറല്ലെന്നാണ് വിവരം. സാമ്പത്തിക പ്രശ്നങ്ങൾ കാരണം അദ്ദേഹം പിന്മാറിയത് എന്നാണ് വിവരം. 500 കോടി ബജറ്റ് കണക്കാക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണം എന്നാണ് ചില ബോളിവുഡ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്. മികച്ച അഭിനേതാക്കള്‍ക്കൊപ്പം ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്സും ഉൾപ്പെടുന്ന ഒരു ദൃശ്യാനുഭവമാണ് നിതേഷ് തിവാരിയും സംഘവും അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് വിവരം. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ബജറ്റ് പ്രശ്നങ്ങൾ കാരണമാണ് മധു മണ്ടേന നിർമ്മാതാവിന്റെ റോളില്‍ നിന്നും പിന്മാറിയതെന്നാണ് പറയുന്നത്. അതേ സമയം പകരം പ്രൊഡക്ഷന്‍ ഏറ്റെടുത്ത ഡിഎൻഇജി മുമ്പ് ഹൃത്വിക് റോഷനും ദീപിക പദുക്കോൺ അഭിനയിച്ച ഫൈറ്ററിന് വിഎഫ്എക്സ് ചെയ്ത കമ്പനിയാണ്. എന്നാല്‍ ഇവര്‍ മൊത്തം ബജറ്റിൻ്റെ ഏകദേശം 20-30% മാത്രമേ വഹിക്കൂ എന്നാണ് റിപ്പോര്‍ട്ട്. 500 കോടി ബഡ്ജറ്റിൽ നിതേഷ് തിവാരിയും സംഘവും ബാക്കി എവിടുന്ന് കണ്ടെത്തും എന്നത് ചോദ്യമായി ഉയരുന്നുണ്ട്. അതേ സമയം ചിത്രത്തിനായി രൺബീർ കപൂർ തയ്യാറെടുപ്പ് ആരംഭിച്ചുവെന്നാണ് വിവരം. അതിനിടയില്‍ നിർമ്മാതാക്കളുടെ മാറ്റം ആശങ്കയുണ്ടാക്കുന്നുണ്ട്. എന്തായാലും ചിത്രത്തിന്റെ ആദ്യഭാഗം 2025 ഓടെ ആരംഭിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് നിതേഷ് തിവാരിയും സംഘവും.