ഉറക്കത്തിനിടയിലെ മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്…..
ശാന്തമായി ഉറങ്ങുന്നതിനിടെ മരണത്തിലേക്ക് വഴുതിവീഴുകയും പിന്നീടൊരിക്കലും ഉണരാതിരിക്കുകയും ചെയ്യുകയെന്ന അവസ്ഥ ഭീകരമാണ്. ഇത്തരത്തിലുള്ള മരണങ്ങൾ അപൂർവങ്ങളിൽ അപൂർവമാണെങ്കിലും ഈ വർഷം ഇതുവരെ കേരളത്തിൽ പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് ഉറക്കത്തിനിടയിലെ മരണം.വിശ്രമത്തിനും ഊർജം വീണ്ടെടുക്കുന്നതിനും ഉറക്കം അനിവാര്യമാണെന്ന് നമുക്കറിയാം. ഭക്ഷണവും വെള്ളവും ശരീരത്തിന് എത്രയും ആവശ്യമാണോ അത്രയും പ്രാധാന്യത്തോടെ തന്നെ കാണേണ്ട ഒന്നാണ് ഉറക്കവും. എന്നാൽ പലപ്പോഴും സൗകര്യപൂർവം ഉറക്കത്തെ മാറ്റിനിർത്തുന്നവരാണ് നമ്മിൽ പലരും. അനാരോഗ്യകരമായ ജോലിഭാരവും മാനസികസമ്മർദ്ദവും മുതൽ മൊബൈൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വരെ കാരണങ്ങൾ പലതാണ്.
കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെപ്പോകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉറക്കത്തിൽ നിന്ന് മരണത്തിലേക്ക് തള്ളിയിടുന്നത്. ബാഹ്യമായ പല കാരണങ്ങൾ കൊണ്ടും ഉറക്കത്തിനിടെ മരണം സംഭവിക്കാം. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉറക്കത്തിനിടെ മരിക്കുന്നത് ഹൃദ്രോഗം കാരണമാണ്. പണ്ടുകാലത്ത് അമ്പതോ അറുപതോ വയസ് കഴിഞ്ഞവരിലാണ് ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ 35-45 വയസിലൊക്കെ ഹൃദ്രോഗികളായി മാറുന്നവരുടെ എണ്ണം കൂടിവരികയാണ്.ഉറക്കത്തിനിടെയുണ്ടാകുന്ന ശ്വാസസംബന്ധമായ പ്രശ്നങ്ങളാണ് മറ്റൊരു പ്രധാന കാരണം. ഉറക്കത്തിനിടെ ശ്വാസമെടുക്കാനുള്ള സിഗ്നലുകൾ വേണ്ടവിധം നല്കാൻ തലച്ചോറിന് കഴിയാതാവുന്ന സ്ലീപ് അപ്നിയ, ആസ്ത്മ അറ്റാക്ക് എന്നിവയൊക്കെ മരണത്തിന് കാരണമാകാം. ഉറക്കത്തിനിടെ തൊണ്ടയിലോ ശ്വാസനാളിയിലോ എന്തെങ്കിലും കുരുങ്ങിയാലും മരണം സംഭവിക്കാം. അമിതമായി ലഹരിഉപയോഗിച്ച ശേഷം ഉറങ്ങുന്നവർക്ക് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചുപോകുന്ന അവസ്ഥ ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.