ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി – 19 വയസുകാരൻ അറസ്റ്റിൽ
കോഴിക്കോട് : ഹണി ട്രാപ്പില്‍ കുടുക്കി മധ്യവയസ്‌കന്റെ പണം തട്ടിയ കേസിൽ 19 വയസുകാരന്‍ പിടിയില്‍ .കേസിലെ മുഖ്യആസൂത്രകനായ 16 വയസ്സുകാരനായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.വിദ്യാര്‍ഥിയുടെ സാഹായിയായി പ്രവര്‍ത്തിച്ച പാലക്കാട് കോങ്ങാട് സ്വദേശി പെരുങ്കര മുഹമ്മദ് ഹാരിഫി(19)നെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികൾ ഹണിട്രാപ്പിലൂടെ മധ്യവയസ്‌കനില്‍ നിന്ന് തട്ടിയെടുത്തത് അരലക്ഷത്തോളം രൂപയാണ് .
ഹാരിഫ് ഉള്‍പ്പെട്ട സംഘം മധ്യവയസ്‌കന് ആദ്യം ചില ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ശബ്ദസന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത് വലയില്‍ അകപ്പെടുത്തി. പിന്നീട് ഇതേ കാര്യങ്ങള്‍ വച്ച് മധ്യവയസ്‌കനെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ആരംഭിച്ചു. തുടര്‍ന്ന് ഇവര്‍ തന്നെ ഒരു ഇന്‍സ്‌പെക്ടറുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കേസ് ഒതുക്കി തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് 45000 രൂപ പ്രതി പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഇര പൊലീസില്‍ പരാതി നല്‍കിയതോടെ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പറ്റി വിവരം ലഭിച്ചത് .പ്രതികള്‍ ഉപയോഗിച്ച ഗൂഗിള്‍ ഐഡിയും മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പ്രധാന പ്രതിക്കെതിരേ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്.