പൊലീസിൻറെ ശ്രദ്ധയിൽ ഇതൊന്നും പെടുന്നില്ലേ……
സോഷ്യൽ മീഡിയയിൽ റീൽ ഷെയർ ചെയ്ത് കമന്റും ലൈക്കും ഷെയറും വാങ്ങാനും വേണ്ടി എന്തും മടിക്കാത്തവരായി മാറിയിരിക്കുകയാണ് ഇന്നത്തെ ലോകം . ചില റീൽസ് ഷൂട്ടിംഗ് കൊണ്ട് നാട്ടുകാർക്കാണ് ബുദ്ധിമുട്ട്. അതുപോലെ ഒരും സംഭവമാണ് ദില്ലിയിലെ പശ്ചിമ വിഹാർ ഫ്ലൈ ഓവറിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. തന്റെ വില കൂടിയ പിക്കപ്പ് ട്രക്ക് നടുറോഡിൽ നിർത്തിയായിരുന്നു ഇൻഫ്ലുവൻസറിന്റെ റീൽ ഷൂട്ടിംഗ്. പ്രദീപ് ധാക്ക എന്ന ഇൻഫ്ലുവൻസറാണ് ഫ്ലൈ ഓവറിൽ വാഹനം നിർത്തിക്കൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, വലിയ വിമർശനമാണ് ഇതേ തുടർന്ന് ഇൻഫ്ലുവൻസറിന് നേരിടേണ്ടി വന്നത്. എത്രയോ പേർ യാത്ര ചെയ്യുന്ന റോഡിലാണ് ഇതേക്കുറിച്ചൊന്നും ആലോചിക്കാതെ ഇയാളുടെ സാഹസികപ്രകടനം എന്നോർക്കണം. വീഡിയോയിൽ ഇൻഫ്ലുവൻസർ വാഹനവുമായി വരുന്നത് കാണാം. പിന്നാലെ ഫ്ലൈഓവറിൽ അത് നിർത്തുകയാണ്. വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് കൂടി മറ്റ് വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. അതേസമയം അതിന് പിന്നിലായി മറ്റ് കുറേ വാഹനങ്ങൾ ബ്ലോക്കിൽ പെട്ട് കിടക്കുന്നതും കാണാം. വാഹനം നിർത്തി രണ്ടുപേർ വാഹനത്തിന്റെ രണ്ട് ഭാഗത്ത് കൂടിയായി ഇറങ്ങി വരുന്നതും കാണാം. അതേ വീഡിയോയിൽ തന്നെ വാഹനത്തിന്റെ ഡോർ തുറന്നുവച്ചുകൊണ്ട് ഇയാൾ റോഡിലൂടെ വാഹനമോടിച്ച് പോകുന്നതും കാണാം. എന്നാൽ, വീഡിയോ ഷെയർ ചെയ്തതു മുതൽ വലിയ വിമർശനമാണ് ഇയാൾക്ക് നേരിടേണ്ടി വരുന്നത്. പലരും പൊലീസിനെ വീഡിയോയുടെ കമന്റ് ബോക്സിൽ മെൻഷൻ ചെയ്തിട്ടുണ്ട്. അതുപോലെ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.