News

എം.വി ഗോവിന്ദനെതിരെ വ്യാജ പ്രചരണമെന്ന് പരാതി: ‘റസാഖ് പടിയൂർ ഫേസ്ബുക്ക് പോസ്റ്റ്’ …

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പരാതി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി.വി രാജേഷ് ഡിജിപിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയ്ക്ക് വോട്ടര്‍മാരില്‍ ഭിന്നിപ്പുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ ലഹള സൃഷ്ടിക്കാനുള്ള ഉദ്ദേശത്തിലാണ് വ്യാജപ്രചരണമെന്ന് പരാതിയിൽ പറയുന്നു. റസാഖ് പടിയൂർ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് എം വി ഗോവിന്ദൻ മാസ്റ്ററുടെ ചിത്രവും പാര്‍ട്ടി ചിഹ്നവും ചേര്‍ത്ത് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്. മുസ്ലീം ജനങ്ങളില്‍ ആശങ്കയും ഭീതിയും ജനിപ്പിക്കുന്നതിനും സിപിഎമ്മിന് എതിരെ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് ടി വി രാജേഷ് നൽകിയ പരാതിയില്‍ പറയുന്നു. ഈ പോസ്റ്റ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണ്. കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരനുമായി അടുത്ത വ്യക്തിബന്ധമുള്ളയാളും തെരെഞ്ഞെടുപ്പിലെ സജീവപ്രവര്‍ത്തകനുമാണ് റസാഖ് പടിയൂർ എന്നാണ് സിപിഎമ്മിന്റെ ആരോപണം. കെ സുധാകരന്റെ അറിവോടെയാകാം ഈ പ്രചരണമെന്ന് സംശയിക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പെരുമാറ്റ ചട്ടലംഘനത്തിന് റസാഖ് പടിയൂരിനും യുഡിഎഫ് സ്ഥാനാര്‍ഥിക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പോസ്റ്റ് പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ടി.വി രാജേഷ് പരാതിയില്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button