ലുലുവിൽ നിന്ന് ഒന്നരക്കോടിയുമായി യുവാവ് മുങ്ങി…
ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഒന്നരക്കോടിയുമായി യുവാവ് മുങ്ങി . അബുദാബി ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ യുവാവാണ് സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയിരിക്കുന്നത് .അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസിനെതിരെയാണ് ഒന്നര കോടിയോളം രൂപ അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയിരിക്കുന്നത് .
ഈ മാസം 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് ഡ്യൂട്ടിക്ക് എത്താഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണമാരംഭിച്ചത്.തുടർന്ന് മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫീസിൽ നിന്ന് 6 ലക്ഷം ദിർഹത്തിൻ്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു. ക്യാഷ് ഓഫീസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ പറഞ്ഞു.