NewsPolitics

1.75 കോടി മുതൽ മുടക്കിൽ നിർമ്മിച്ച കെട്ടിടത്തിൻറെ സീലിംഗ് ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾ തികയും മുമ്പേതകർന്നു വീണു…..

കോഴിക്കോട്: ഒരു മാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു. തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മുക്കം നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിംഗിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ടും രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1.75 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഫെബ്രുവരി 16നാണ് മുഖ്യമന്ത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചത്. കോവിഡ് പോലുള്ള മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാനും രോഗം പടരുന്നത് തടയുന്നതിനുമായാണ് ഇത്രയും തുക ചിലവഴിച്ച് ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിരുന്നത്. ഒരുസമയത്ത് പത്ത് പേരെ ഇവിടെ കിടത്തിച്ചികിത്സിക്കാന്‍ സാധിക്കുന്ന തരത്തില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്. നിലവില്‍ മാരക രോഗങ്ങള്‍ ഇല്ലെങ്കിലും രോഗികളെ ഇവിടെ കിടത്തിച്ചികിത്സിക്കും എന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടും ഇവിടെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മുന്‍വശത്തെ സീലിംഗിന്റെ മൂന്ന് മീറ്ററോളം ഭാഗം അടര്‍ന്നുവീണത്. അതേസമയം കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ സര്‍വത്ര അഴിമതിയാണ് നടന്നതെന്ന് നഗരസഭയിലെ യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. കെട്ടിട നിര്‍മാണത്തില്‍ നടത്തിയ അഴിമതി അന്വേഷണ വിധേയമാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button