ഷാപ്പ് പൂട്ടിച്ച് എക്സെെസ് : 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ത്തിയ കള്ള്
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഷാപ്പില്‍ നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തെന്ന് എക്‌സൈസ്. കൊടുങ്ങല്ലൂര്‍ റേഞ്ചിലെ പോഴങ്കാവ് ഷാപ്പില്‍ സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് ആണ് എക്‌സൈസ് സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്. എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷാംനാഥിന്റെ നേതൃത്വത്തിലുള്ള മിന്നല്‍ പരിശോധന. ഷാപ്പ് ലൈസന്‍സിയായ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി സൈജു, ഷാപ്പ് മാനേജരായ പനങ്ങാട് സ്വദേശി റിജില്‍ എന്നിവരെ പ്രതികളാക്കി കേസ് എടുത്തു ഷാപ്പ് പൂട്ടിച്ചു. ലൈസന്‍സി സ്ഥലത്ത് ഇല്ലാത്തതിനാല്‍ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതിയെ റിമാന്‍ഡ് ചെയ്തു. പരിശോധന സംഘത്തില്‍ മോയീഷ്, ബെന്നി, മന്‍മഥന്‍, അനീഷ്, സജികുമാര്‍, എല്‍ദോ, ജോഷി, റിഹാസ് സിജാദ്, തസ്മിം തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 22.5 കിലോ കഞ്ചാവ് പിടികൂടിയതായും എക്‌സൈസ് അറിയിച്ചു. റെയില്‍വേ സംരക്ഷണ സേന ക്രൈം ഇന്റലിജന്‍സ് വിഭാഗവും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ പരിശോധനയില്‍ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ സീറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ലക്ഷക്കണക്കിന് രൂപ വില വരുന്ന കഞ്ചാവ് 19 കെട്ടുകള്‍ ആയാണ് മൂന്ന് ബാഗുകളില്‍ സൂക്ഷിച്ചിരുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചെന്നും എക്‌സൈസ് അറിയിച്ചു.