എ.എ.പി 134 കോടി രൂപ കൈപ്പറ്റി , ആരോപണവുമായി ഖലിസ്ഥാനി നേതാവ്
ആം ആദ്മി പാര്‍ട്ടിക്ക് 133.54 കോടി രൂപ നൽകിയെന്ന ആരോപണവുമായി ഖലിസ്ഥാനി നേതാവ് രംഗത്ത് . ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത് .2014നും 2022നുമിടയില്‍ ആം ആദ്മി പാര്‍ട്ടി ഖലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 133.54 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇയാൾ ആരോപിച്ചത് .കൂടാതെ ഖലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്നും പന്നൂൻ ആരോപിച്ചു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത് . 2014-ല്‍ ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും ഖലിസ്ഥാനി നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്നും പന്നൂന്‍ പറയുന്നു .ഖാലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് കെജ്‌രിവാളും അദ്ദേഹത്തിൻ്റെ പാർട്ടിയും ഫണ്ട് സ്വീകരിച്ചതായി പന്നൂൻ ആരോപിക്കുന്നത് ഇതാദ്യമല്ല. ജനുവരിയിൽ, കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാൻ അനുകൂലികളിൽ നിന്ന് 6 മില്യൺ ഡോളർ സംഭാവനയായി സ്വീകരിച്ചതായി അദ്ദേഹം പ്രസ്താവിച്ചിരുന്നു.