അവധി ആഘോഷത്തിനെത്തിയ ദമ്പതികളുടെ കയ്യിൽ നിന്ന് പണം പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ
അവധി ആഘോഷിക്കാനായി എത്തിയ കുടുംബത്തിൻറെ കൈവശമുണ്ടായിരുന്ന പണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ.അനുവദനീയമായതിലും കൂടിയ അളവിൽ പണം കൈവശം വച്ചതിനാലാണ് അധികൃതർ ഇവരുടെ പക്കൽ നിന്നും പണം പിടിച്ചെടുത്തത് .കുട്ടികളുമായി അവധി ആഘോഷിക്കാനായി ഊട്ടിയിലെത്തിയ പഞ്ചാബ് സ്വദേശികളുടെ കയ്യിൽ നിന്നുമാണ് പണം പിടിച്ചെടുത്തത്.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നത് മൂലം നടത്തിയ പരിശോധനയിലാണ് കുട്ടികളുമായി അവധി ആഘോഷിക്കാനെത്തിയ പഞ്ചാബ് സ്വദേശികൾ കുടുങ്ങിയത്.
തെരഞ്ഞെടുപ്പ് ചട്ടത്തേക്കുറിച്ച് ധാരണയില്ലാതെ പോയതുകൊണ്ടും എടിഎം എപ്പോഴും പ്രവർത്തിക്കാതിരിക്കാനുള്ള സാധ്യത കണക്കിലെടുത്തുമായിരുന്നു ദമ്പതികൾ പണം കയ്യിൽ കരുതിയിരുന്നത്.എന്നാൽ തെരഞ്ഞെടുപ്പ് ചട്ടം വിനോദ സഞ്ചാരികൾക്കും ബാധകമാണെന്ന് വിശദമാക്കി അധികൃതർ പണം പിടിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ച രേഖകൾ ഹാജരാക്കിയതിന് പിന്നാലെ പണം അധികൃതർ ദമ്പതികൾക്ക് തിരികെ നൽകി. നീലഗിരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് രേഖകൾ പരിശോധിച്ച ശേഷം പണം ദമ്പതികൾക്ക് തിരികെ നൽകിയത്.