അട്ടപ്പാടി ഷോളയൂർ വില്ലേജ് ഓഫീസിന് മുന്നിൽ സമരം നടത്തി ആദിവാസി കുടുംബം…

അട്ടപ്പാടി: വെച്ചപ്പതി ഊരിലെ ആദിവാസി കുടുംബം ഷോളയൂർ വില്ലേജ് ഓഫീസിനു മുന്നിൽ സമരം നടത്തി. ഷോളയൂർ വില്ലേജിൽനിന്ന് സർവേ നമ്പർ 1795 ലെ ഭൂമിക്ക് നൽകിയ വ്യാജ നികുതി രസീതും കൈവശവകാശ സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വെച്ചപ്പതിയിലെ മുരുകന്റെ കുടുംബം സമരം നടത്തിയത്. ഈ സർവേ നമ്പരിൽ ആദിവാസികളുടെ പേരിൽ മാത്രമേ ഭൂമിയുള്ളുവെന്നാണ് മുരുകൻ വാദിക്കുന്നത്. ആദിവാസികൾ ഭൂമി ആർക്കും കൈമാറ്റം ചെയ്തിട്ടില്ല. എന്നാൽ, ഈ സർവേ നമ്പരിലെ ഭൂമിയിൽ ആദിവാസികൾ അല്ലാത്തവർക്ക് നികുതി രസീതും കൈവശ സർട്ടിഫിക്കറ്റും മറ്റു വ്യാജമായി നൽകിയത് ഷോളയൂർ വില്ലേജ് അധികാരികളാണ്. ഇതിലൂടെ വില്ലേജ് ഉദ്യോഗസ്ഥർ ഭൂമി കൈയേറ്റക്കാരെ സഹായിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തണം. വില്ലേജിൽനിന്ന് ലഭിച്ച രേഖകളുടെ പിൻബലത്തിലാണ് ഭൂമി കൈയേറ്റക്കാർ കോടതിയെ സമീപിച്ചതെന്നും മുരുകൻ പരാതിയിൽ രേഖപ്പെടുത്തി. അതിനാൽ ഷോളയൂർ വില്ലേജ് ഓഫിസിൽനിന്ന് നൽകിയ വ്യാജ നികുതി രസീതും കൈവശവകാശ സർച്ചിഫിക്കറ്റുകളും മറ്റും റദ്ദുചെയ്യണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്. വില്ലേജ് ഓഫീസിന് മുന്നിൽ സമരം നടത്തിയ മുരുകൻ വില്ലേജ് ഓഫീസർക്ക് പരാതിയും സമർപ്പിച്ചു. ഷോളയൂർ വില്ലേജ് ഓഫിസിന് മുന്നിൽ കുടുംബം 25ന് സമരം നടത്തുമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയുന്നു.